13 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗെയിമിങ് ലോകം ആഘോഷമാക്കുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ (GTA VI) നവംബർ 19-ന് ആഗോളതലത്തിൽ പുറത്തിറങ്ങിയപ്പോൾ, ആ ചരിത്രനേട്ടത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള ഒരു ചെറിയ ഓഫീസിലേക്കാണ്. ഗെയിമിന്റെ നിർമ്മാതാക്കളായ റോക്ക്സ്റ്റാർ ഗെയിംസിന്റെ (Rockstar Games) ഇന്ത്യൻ വിഭാഗമായ ‘റോക്ക്സ്റ്റാർ ഇന്ത്യ’ വളർന്നുവന്നത് ഇന്ത്യയിലെ ആദ്യത്തെ ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോയായ ‘ധ്രുവ ഇന്ററാക്ടീവിൽ’ (Dhruva Interactive) നിന്നാണ്. ജി.ടി.എ 6-ന്റെ മഹാവിജയം തനിക്ക് നൽകുന്നത് നിശബ്ദമായ ഒരു ആത്മസംതൃപ്തിയാണെന്ന് (a quiet sense of vindication) ധ്രുവ ഇന്ററാക്ടീവിന്റെ സ്ഥാപകൻ രാജേഷ് റാവു പ്രതികരിച്ചു. 1997-ൽ ഒരൊറ്റ കമ്പ്യൂട്ടറുമായി താൻ ഈ രംഗത്തേക്ക് വരുമ്പോൾ ഇന്ത്യയിൽ ഗെയിമിങ് എന്നൊരു വ്യവസായം പോലും നിലവിലില്ലായിരുന്നുവെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഓർത്തെടുത്തു.
2019-ലാണ് ഏകദേശം 300 ജീവനക്കാരോടൊപ്പം ധ്രുവ ഇന്ററാക്ടീവിനെ റോക്ക്സ്റ്റാർ ഗെയിംസ് ഏറ്റെടുക്കുന്നത്. ഇന്ന് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള റോക്ക്സ്റ്റാർ ഇന്ത്യയുടെ സ്റ്റുഡിയോയിൽ നിന്നുള്ള 1,600-ലധികം ഡെവലപ്പർമാർ ജി.ടി.എ 6-ന്റെ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഗെയിമിലെ സാങ്കൽപ്പിക നഗരമായ ലിയോണിഡയിലെ ‘വൈസ് ബീച്ച്’ ഉൾപ്പെടെയുള്ള ഓപ്പൺ-വേൾഡ് പശ്ചാത്തലങ്ങളും വിഷ്വലുകളും ഒരുക്കിയതിൽ ബെംഗളൂരു ടീമിന്റെ കരവിരുത് പ്രകടമാണ്. കരാർ അടിസ്ഥാനത്തിൽ ധ്രുവ ഇന്ററാക്ടീവിന് ലഭിച്ച ഒരു ഫോൺ കോളിലൂടെയാണ് റോക്ക്സ്റ്റാറുമായുള്ള ബന്ധം ആരംഭിച്ചതെന്നും, നിലവാരം കുറഞ്ഞതും എന്നാൽ വലിയ ലാഭം നൽകുന്നതുമായ നിരവധി ജോലികൾ ഉപേക്ഷിച്ച് ഗുണനിലവാരത്തിന് മുൻഗണന നൽകിയതാണ് ആഗോള ഭീമന്മാരെ തന്നിലേക്ക് അടുപ്പിച്ചതെന്നും രാജേഷ് റാവു വെളിപ്പെടുത്തി.
കമ്പനി റോക്ക്സ്റ്റാറിന് വിറ്റത് വ്യക്തിപരമായി ഒരു നഷ്ടമായിരുന്നെങ്കിലും, ഇന്ത്യൻ ഗെയിമിങ് പ്രതിഭകൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 2019-ലെ കരാറിന് ശേഷം പൊതുവേദികളിൽ നിന്ന് അകന്നുനിന്നിരുന്ന രാജേഷ് റാവു, ഇന്ത്യൻ ഗെയിമിങ് വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് പങ്കുവെച്ചു. ജി.ടി.എ പോലെയുള്ള വമ്പൻ ബജറ്റ് ഗെയിമുകൾ അനുകരിക്കുകയല്ല ഇന്ത്യൻ സ്റ്റുഡിയോകൾ ചെയ്യേണ്ടതെന്നും, മറിച്ച് സ്വന്തമായി തനതായ ഗെയിമിങ് ആശയങ്ങൾ (Original IP) സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് 50 കോടിയിലധികം ഗെയിമർമാർ ഉള്ളതിനാൽ, ആഭ്യന്തര വിപണി തന്നെ വലിയ വളർച്ചയ്ക്ക് സജ്ജമായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












