തിരുവനന്തുപുരം: പോൾ എം ജോർജ്ജ് മുത്തൂറ്റ് കൊലക്കേസിനെക്കുറിച്ച് അതീവ നിർണ്ണായകവും ഗുരുതരവുമായ വെളിപ്പെടുത്തലുകൾ നടത്തി മുൻ എസ് പി സഖറിയാ ജോർജ്ജ് . ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് ഹവർ ചർച്ചയിലാണ് സഖറിയ ജോർജിൻറെ തുറന്നു പറച്ചിൽ. തിരുവനന്തപുരം നഗരത്തിൻറെ ഭരണം മാഫിയകളുടെ കയ്യിലാണെന്നും സഖറിയ ജോർജ് തുറന്നു പറയുന്നു.
പോൾമുത്തൂറ്റ് കേസിലെ നിർണ്ണായക രേഖകൾ ഡിജിപി രഹസ്യമായി സൂക്ഷിച്ചുവെച്ചു. പോൾ മുത്തൂറ്റിൻറെ ലാപ്ടോപ്പിലെ ഫോട്ടോകൾ ഡിജിപിയുടെ ലാപ്ടോപ്പിലുണ്ടായെന്നും അത് പിന്നീട് ഡിലീറ്റ് ചെയ്തെന്നും സഖറിയ ജോർജ്ജ് പറയുന്നു. പോൾ മുത്തൂറ്റിൻറെ
ലാപ്ടോപ്പ് കോടതിയിൽ ഹാജരാക്കാതെ രഹസ്യമാക്കി വെച്ചതും പോലീസ് ഇടപെടലുണ്ടായതിനെ തുടർന്നാണെന്നും സഖറിയ ജോർജ്ജ് പറയുന്നു.
തലസ്ഥാന നഗരയിൽ ഓം പ്രകാശ്, നിധിൻ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകകളുടെ പശ്ചാത്തലത്തിലാണ് ചാനൽ ഈ വിഷയത്തിൽ ചർച്ച നടത്തിയത്. മംഗലപുരം സ്റ്റേഷനിലെ പാറാവുകാരനെ ഉൾപ്പെടെ മുഴുവൻ പോലീസുകാരെയും ഗുണ്ടാ ബന്ധങ്ങളെ തുടർന്ന് സ്ഥലം മാറ്റി. ഈ ഗൌരവകരമായ വിഷയം കണക്കിലെടുത്താണ് ചാനൽ ഈ വിഷയം ചർച്ചയ്ക്കെടുത്തത്.
സാധാരണക്കാരുടെ നികുതിപണം കൊണ്ട് ജീവിക്കുന്ന ഈ പോലീസുകാർ ഗുണ്ടാ സംഘങ്ങളുടെ എച്ചിൽ നക്കിയാണ് ജീവിക്കുന്നതെന്ന വസ്തുതയാണ് ചാനൽ ചർച്ചയിലൂടെ ആരോപണം ഉയർന്നത്. മാഫിയാ ബന്ധമുള്ള ഗുണ്ടകളെയാണ് ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് ഏറ്റവും ഇഷ്ടമെന്നും ചർച്ചയിൽ പരാതി ഉയരുന്നു.
ഐഎസ്ആർഒ ചാരക്കേസ് മുതൽ ഇത് നമ്മൾ കാണുന്നതാണ്. 2004ൽ സിനീയോറിറ്റിയുള്ള ബഹുമാനം അർഹിക്കുന്ന ഉദ്യോഗസ്ഥരെ മറികടന്ന് രമൺ ശ്രീ വാസ്തവയെ ഡിജിപിയാക്കിയത്. ഉപേന്ദ്രകുമാർ, എം ജി എ രാമൻ, ഡോ.സുകുമാരൻ എന്നീ ഉദ്യോഗസ്ഥരെ മറികടന്ന് ആരാണ് ഇദ്ദേഹത്തിന് ഡിജിപി സ്ഥാനം കൊടുക്കണമെന്ന് വാശിപിടിച്ചത് എന്ന് അന്വേഷിച്ചുനോക്കാനും സഖറിയ ജോർജ് ചാനൽ ചർച്ചയിൽ വെല്ലുവിളിക്കുന്നു.
രാഷ്ട്രപതിയുടെ പേരിലുള്ള ബഹുമാനം കൊടുത്ത് ആദരിക്കുന്നത് ഈ ക്രിമിനിൽ ബന്ധമുള്ള പോലീസുകാർക്കാണ്. ഇവരെ ആദരിക്കുന്നിതിലൂടെ രാജ്യത്തെയും രാഷ്ട്രപതി സ്ഥാനത്തെയും ആണ് നമ്മൾ അവഹേളിക്കുന്നത്. ഇവർക്കൊക്കെ കൊടുക്കുന്ന ബഹുമതി ആദ്യം തന്നെ തിരിച്ചുവാങ്ങി രാജ്യത്തെ ആദ്യം ബഹുമാനിക്കണം. ക്രിമിനൽ ബന്ധമുള്ള പോലീസുകാർക്ക് ഇത്തരത്തിലുള്ള ബഹുമതികൾ കിട്ടുന്നത് വളരെ സങ്കടകരമാണ്.
ഉന്നത വ്യക്തികൾ കൂട്ടുനിന്നാണ് ഇതൊക്കെ ചെയ്യുന്നതെന്നും സഖറിയ ജോർജ് പറയുന്നു. , രാഷ്ട്രീയ, അഭിഭാഷക, പോലീസ് , മേഖലയിലെ ക്രിമിനൽ പശ്ചത്തലുമുളളവരാണ് ഗുണ്ടകളെ സംരക്ഷിക്കുന്നതെന്നും ഇദ്ദേഹം തുറന്നു പറയുന്നു.
സർവ്വീസിൽ നിന്ന് വിരമിച്ചിട്ടും പല ഐപിഎഎസ് ഉദ്യോഗസ്ഥരും സർക്കാരിൻറെ മറ്റ് പല സ്ഥാനങ്ങളിലും പിടിച്ചു നിൽക്കുന്നു. പോലീസ് അഡ്വൈസർ സ്ഥാനങ്ങളിലും ഇവർ കയറി ഇരിക്കുന്നു. ഏതെങ്കിലും ചെറിയ ഉദ്യോഗസ്ഥർ ഏതെങ്കിലും ഗുണ്ടകൾക്കെതിരെ നടപടി എടുത്താൽ അവരെപോലും ഉപദ്രവിക്കുന്ന തരത്തിലാണ് ഉന്നത പദവിയിലിരിക്കുന്ന ഈ പോലീസ് ക്രിമിനലുകളുടെ നടപടികൾ പുരോഗമിക്കുന്നതെന്നും ചാനൽ ചർച്ചയിൽ തുറന്നു കാണിക്കുന്നു. മുഖ്യമന്ത്രി വിദേശ യാത്ര കഴിഞ്ഞ് വരുമ്പോൾ പെട്ടി എടുക്കാനായി കാറിനു ചുറ്റും നടക്കുന്ന വിരമിച്ച പോലീസുദ്യോഗസ്ഥരുടെ പേരുകളും പരിഹാസ രൂപത്തിലാണ് സഖറിയ ജോർജ് ചർച്ചയിലൂടെ പുറത്തുവിട്ടത്.
ഗുണ്ടകൾ പറയുന്നതിനനുസരിച്ചാണ് ഇന്ന് പോലീസ് നിയമനം നടക്കുന്നത്. ജനങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞാൽ ഗുണ്ടകൾക്കൊപ്പം നിൽക്കുക എന്നല്ല രാഷ്ട്രീയക്കാർ മനസ്സിലാക്കേണ്ടതെന്നും സഖറിയ ജോർജ്ജ് പറയുന്നു. സ്ഥിരമായി ഒരു പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന പോലീസുകാരുടെ സ്വത്തു വിവരം അന്വേഷിക്കണം. ഇത് പുറത്തുവിടണം. പല പോലീസുകാർക്കും ഗുണ്ടാ സംഘങ്ങളുമായി ബിസിനസ് പാർട്ണർഷിപ്പുണ്ട്. ഗുണ്ടകളും പോലീസുകാരും ഒരുമിച്ച് ബിസിനസ് നടത്തുന്ന അവസ്ഥയാണ് ഈ നാട്ടിൽ കാണുന്നത്. അപ്പോൾ എന്താണ് ഇവിടുത്തെ അവസ്ഥ എന്ന് ആലോചിക്കണം.












