തൃശൂർ:തൃശൂർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഇന്ത്യൻ കോഫിഹൌസിനെതിരെ നടപടി.സ്ഥാപനത്തിൻറെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കോഫി ഹൌസ് പ്രവർത്തിക്കുന്നതെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പിൻറെ നടപടി.
നിരന്തരം പരാതി ലഭിച്ചിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടി എടുത്തിരുന്നില്ല. ഇക്കാരണത്താൽ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. അസിസ്റ്റൻറ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫിസറെയും സ്ഥലം മാറ്റി.
നിരവധി പരാതി ലഭിച്ചിട്ടും സ്ഥാപനത്തിന് തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത് ഈ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കോഫി ഹൌസ് പ്രവർത്തിക്കുന്നതെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായ സാഹചര്യത്തിലാണ് സ്ഥാപനത്തിൻറെ ലൈസൻസ് റദ്ദാക്കിയതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.












