കോട്ടയം: വേദിയിൽ മാപ്പിളപ്പാട്ടല്ലാതെ മറ്റേതെങ്കിലും പാട്ട് പാടിയാൽ തല്ലുമെന്ന് യുവഗായികയെ ഭീഷണിപ്പെടുത്തി ഈരാറ്റുപേട്ടയിലെ വ്യാപാരി നേതാവ്. ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവാസിയി ഏകോപന സമിതിയും ചേർന്ന് നടത്തിയ നഗരോത്സവം എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഭീഷണിപ്പെടുത്തിയ നേതാവിനെ വേദിയിലേക്ക് വിളിച്ച് അതൃപ്തി അറിയിച്ച ഗായിക സജ്ല സലീമിന് സാമൂഹിക മാദ്ധ്യമങ്ങളിൽ പിന്തുണ ഏറുകയാണ്.
മാപ്പിളപ്പാട്ടുകൾക്ക് പുറമെ മറ്റ് പാട്ടുകളും വേദിയിൽ ആസ്വാദകരുടെ താത്പര്യപ്രകാരം തങ്ങൾ പാടാറുണ്ടെന്ന് സജ്ല പറയുന്നു. എന്നാൽ, അത് ചെയ്യരുതെന്ന് താക്കീത് നൽകുകയും, മറ്റ് പാട്ടുകൾ പാടിയാൽ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഗായിക മൈക്കിലൂടെ തന്നെ, നേതാവിന്റെ മുഖത്ത് നോക്കി പറയുന്നുണ്ട്.
അതേസമയം, നേതാവിനെ ന്യായീകരിച്ച് പരിപാടിയുടെ സംഘാടകർ രംഗത്തെത്തിയിട്ടുണ്ട്. നേതാവ് പറഞ്ഞത് നിഷ്കളങ്കമായ കമന്റ് ആയിരുന്നുവെന്നും, അത് വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നുമാണ് സംഘാടകരുടെ ന്യായീകരണം.
സംഭവത്തിൽ നേതാവിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുന്നത്. നേതാവിന്റെ പ്രവൃത്തി താലിബാനിസമാണെന്നും, പരസ്യമായി ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താൻ സങ്കുചിതമനസ്കരായിട്ടുള്ള മനുഷ്യർക്ക് പൊതുസമൂഹത്തിൽ ഇത്രത്തോളം ധൈര്യം ലഭിക്കുന്നുണ്ടെങ്കിൽ കേരളത്തിന്റെ പോക്ക് എത്രത്തോളം അപകടകരമായ അവസ്ഥയിലാണെന്ന് ഓരോരുത്തരും ചിന്തിച്ച് നോക്കണമെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്.












