ആറ്റിങ്ങൽ; എക്‌സറേ എടുക്കുന്നതിനിടെ മെഷീൻ കൊണ്ട് പെൺകുട്ടിയുടെ നടുവൊടിഞ്ഞതായി പരാതി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയ്ക്കാണ് ഈ ദുരനുഭവം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തൊണ്ടയിൽ മുള്ള് കുടുങ്ങിയതിനെ തുടർന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി.
ആശുപത്രിയിലെത്തിയതോടെഎക്‌സറേ എടുക്കാൻ ഇൻടി ഡോക്ടർ നിർദ്ദേശിച്ചു. ഇതേ തുടർന്ന് എക്‌സറേ എടുക്കവേ മെഷീനിന്റെ ഒരു ഭാഗം നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തുകയായിരുന്നു.
തുടർന്ന് ഓർത്തോ ഡോക്ടറുടെ നിർദ്ദേശാനുസരണം എടുത്ത എക്‌സറയിലൂടെ നടുവിന്റെ ഭാഗത്തെ അസ്ഥിയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ചെറിയ പോറൽ മാത്രമേ ഉള്ളൂവെന്നും ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ബിഎസ്.സി നഴ്‌സിങ് അവസാന വർഷ വിദ്യാർത്ഥിയായ ആദിത്യയ്ക്ക് ഡോക്ടർമാർ തമ്മിലുള്ള സംഭാഷണത്തിലൂടെ പരിക്കിന്റെ ഗൗരവ സ്വഭാവം മനസിലായി.
മറ്റൊരു ഡോക്ടറെ കാണിച്ച് പരിക്കിന്റെ ഗുരുതരാവസ്ഥ സ്ഥിരീകരിച്ച ശേഷം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. എന്നാൽ അപകടം ഉണ്ടാകാൻ സാധ്യത ഇല്ലെന്നും പരിശോധിക്കാമെന്നും പറഞ്ഞ് കുടുംബത്തെ തിരിച്ചയക്കുകയായിരുന്നു. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.












