തിരുവനന്തപുരം : പാറ്റൂർ ആക്രമണക്കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരം പോലീസ് അറിഞ്ഞില്ല. പ്രതികൾ കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് ഈ വിവരം പോലീസ് അറിയുന്നത്. ഈ സമയം പ്രതികൾക്ക് വേണ്ടി തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു അന്വേഷണ സംഘം.
തലസ്ഥാനത്ത് ഗുണ്ടാ ആക്രമണക്കേസിലെ പ്രതികളായ ഓം പ്രകാശ്, ആരിഫ്, ആസിഫ്, ജോമോൻ, രഞ്ജിത്ത് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാൽ അപേക്ഷ തള്ളിയ കോടതി, ശനിയാഴ്ച ഇവരോട് കീഴടങ്ങാൻ നിർദ്ദേശിച്ചു. ഇക്കാര്യം പോലീസ് അറിഞ്ഞില്ല.
ഇന്നലെ വഞ്ചിയൂർ പോലീസ് സ്റ്റേഷന് സമീപമുള്ള മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ കീഴടങ്ങുമ്പോൾ പോലീസ് ഇവർക്ക് വേണ്ടി തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ കാര്യം സർക്കാർ അഭിഭാഷകനോ ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരോ അറിയിച്ചില്ലെന്നാണ് പോലീസ് സംഘത്തിന്റെ വിശദീകരണം.
പ്രതികൾ മൂക്കിന് താഴെ ഉണ്ടായിട്ടും പിടിക്കാനാകാത്തത് വലിയ നാണക്കേടായി.
പ്രതികൾ ഒളിവിലിരിക്കുമ്പോഴും ഉന്നതരുടെ ബന്ധുക്കളുമായി നിരന്തമായി വിളിച്ചിരുന്നു. ഇത് പുറത്തായതോടെയാണ് പെട്ടന്നുള്ള കീഴടങ്ങലെന്നാണ് വിവരം. അന്വേഷണം ഉന്നതരിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഇതെന്നും സൂചനയുണ്ട്.












