വാർസോ: ജോർജിയൻ പൗരൻമാരുമായി വാക്ക് തർക്കമുണ്ടായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മലയാളി യുവാവ് പോളണ്ടിൽ കുത്തേറ്റ് മരിച്ചു. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശി പുതുശേരി സ്വദേശിയായ ഐടി എൻജിനീയർ ഇബ്രാഹിം കുത്തേറ്റ് മരിച്ചതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് അടുത്ത സംഭവവും ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് സൂരജ് കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. സംഭവത്തിനിടെ നാല് മലയാളികൾക്ക് കൂടി കുത്തേറ്റതായും ഇവർ ചികിത്സയിലാണെന്നുമാണ് വിവരം. കമ്പനിയുടെ അടുക്കള ഭാഗത്ത് ജോർജിയൻ പൗരൻമാർ സിഗരറ്റ് വലിക്കുന്നത് വിലക്കിയിരുന്നു. ഇതേച്ചൊല്ലിയുളള തർക്കമാണ് സംഘർത്തിലേക്ക് നീണ്ടത് എന്നാണ് വിവരം.
തർക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാൻ പോയതാണെന്നും പറയുന്നുണ്ട്. കെട്ടിടം പോലീസ് സീൽ ചെയ്തതായും സംഭവത്തിന് ശേഷം ജോർജ്ജിയൻ പൗരൻമാർ ഓടി രക്ഷപെട്ടതായും മലയാളി അസോസിയേഷൻ പ്രതിനിധികളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പാലക്കാട് സ്വദേശി ഇബ്രാഹിം ഐഎൻജി ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. പോളണ്ട് സ്വദേശിക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നതും.












