ആലപ്പുഴ : എസ്ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങിമരിച്ചു. ആലപ്പുഴ കായംകുളത്താണ് സംഭവം. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ ചേപ്പാട് മുതുകുളത്തുള്ള വീട്ടിലാണ് യുവാവ് തൂങ്ങിമരിച്ചത്. തൃക്കുന്നപ്പുഴ വലിയപറമ്പിൽ ആറ്റുവത്തല വീട്ടിൽ സൂരജ് എന്ന 24 കാരനാണ് മരിച്ചത്. വീടിനോട് തേർന്നുള്ള ഷെഡ്ഡിൽനിന്ന് മൃതദേഹം കണ്ടെത്തി.
ഇന്നലെ രാത്രി പത്ത് മണിയോടെ സൂരജ് ഇവിടെ എത്തിയിരുന്നു. എസ്ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു. ഈ ബന്ധമാണ് സൂരജ് വീട്ടിലേക്ക് വരാൻ കാരണം എന്നാണ് വിവരം. തുടർന്ന് വീട്ടുകാരുമായി സൂരജ് തർക്കത്തിലേർപ്പെട്ടു. പിന്നാലെ വീട്ടുകാർ രാത്രി വാതിൽ അടച്ച് കിടന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് സൂരജിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
എസ്ഐ സുരേഷ് കുമാർ നിലവിൽ മൂന്നാറിലാണ്. യുവാവ് ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












