മലപ്പുറം: വിവാഹം ആഘോഷപൂർവ്വം നടത്തണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. വസ്ത്രത്തിനായും ആഭരണത്തിനായും അലങ്കാരത്തിനായും കടകൾ തേടിയിറങ്ങും. കൂൺ പോലെയാണ് ഇത്തരം കടകളെല്ലാം പ്രത്യക്ഷപ്പെടുന്നത്. വിവാഹസീസണിലെ കടുത്ത മത്സരത്തിൽ പിടിച്ചു നിൽക്കാനായി ഓരോ കടയും അവരുടേതായ വഴി നോക്കും. പുതിയ ട്രെൻഡുകൾ കൊണ്ടുവന്നും ആകർഷകമായ ഓഫറുകൾ നൽകിയും അവർ ഉപഭോക്താക്കളെ ആകർഷിക്കും.
എന്നാലിന്ന് മലപ്പുറം തിരൂരിലെ ഒരു ഫാമിലി വെഡിംഗ് സെന്ററിലെ ഡിസ്പ്ലേ പ്രതിമയാണ് വാർത്തകളിൽ നിറയുന്നത്. വാർത്തുമാതൃകകളെ പിഴുതെറിയുന്നതാണ് ഡിസ്പ്ലേ പ്രതിമ. വീൽചെയറിൽ ഇരിക്കുന്ന പ്രതിമയെ ഭംഗിയുള്ള ലഹങ്ക അണിയിച്ചാണ് ഒരുക്കിയിരിക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ദിവ്യാംഗനരായവരെ ചേർത്തു നിർത്തുന്ന കടയുടെ രീതിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഏതാണി കടയെന്നും ആരാണ് ഈ ബുദ്ധിയ്ക്ക് പിറകിലെന്നും നിരവധി പേർ അന്വേഷിക്കുന്നുണ്ട്.












