തിരുവനന്തപുരം; തിരുവനന്തപുരത്ത് മാദ്ധ്യമ സ്ഥാപനത്തിന് വേണ്ടി നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ കരാറുകാരൻ ജീവനൊടുക്കി. ദ ഫോർത്ത് എന്ന മാദ്ധ്യമ സ്ഥാപനത്തിന് വേണ്ടിയെടുത്ത കെട്ടിടത്തിലായിരുന്നു സംഭവം.
സ്ഥാപനത്തിന്റെ ഓഫീസിന് വേണ്ടിയാണ് ചാക്കയിൽ എയർപോർട്ടിനോട് ചേർന്ന വിജയ ആർക്കൈഡ് കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. മൂന്ന് നിലകളായിരുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് ഒരു നില കൂടി പണിയുന്നുണ്ടായിരുന്നു. സ്ഥാപനത്തിന്റെ സ്റ്റുഡിയോ സംവിധാനങ്ങൾക്ക് വേണ്ടിയായിരുന്നു ഈ നിർമാണം.
കെട്ടിടത്തിന്റെ ഉടമസ്ഥർ വിദേശത്തായതിനാൽ നിർമാണം നടത്തിയ എആർസിസി ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഉടമ രാകേഷ് ആയിരുന്നു തുടർനിർമാണവും ഏറ്റെടുത്തത്. എന്നാൽ പല കാരണങ്ങളാൽ പറഞ്ഞ സമയം കഴിഞ്ഞും നിർമാണം പൂർത്തിയായില്ല. ബജറ്റും മറികടന്നിരുന്നു. ഇതേച്ചൊല്ലി സ്ഥാപനത്തിന്റെ ചുമതലക്കാരും രാകേഷുമായി തർക്കമുണ്ടായതായി പറയപ്പെടുന്നു. പണം നൽകാനുളളവരുടെ വിവരങ്ങൾ എഴുതി വെച്ചാണ് രാകേഷ് ജീവനൊടുക്കിയത്.
നിർമാണം നടക്കുന്ന കെട്ടിടമായതിനാൽ ജോലിക്കാർ മാത്രമാണ് ഇവിടേക്ക് എത്തുക. ഉച്ചയോടുകൂടിയാണ് മൃതദേഹം കണ്ടത്. പനവിള ജംഗ്ഷനിലാണ് നിലവിൽ ദ ഫോർത്തിന്റെ താൽക്കാലിക ഓഫീസ് പ്രവർത്തിക്കുന്നത്.












