കൊച്ചി: ദിവ്യംഗനർക്ക് താങ്ങും തണലുമേകി സക്ഷമയുടെ പ്രവർത്തനം മുന്നോട്ട്. സമൂഹം ഒറ്റപ്പെടുത്തുന്ന ഭിന്ന ശേഷിക്കാരെ കൂടെ നിർത്തി സ്വയം പര്യാപ്തരാക്കുകയും അവർക്ക് വേണ്ട സഹായം നൽകുകയും ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് സക്ഷമ. ദിവ്യാംഗമിത്രം പദ്ധതിയിലൂടെയാണ് സക്ഷമ സുമനസ്സുകളെ ക്ഷണിക്കുന്നത്.
ക്ഷേത്രങ്ങളിലെ അന്നദാനമൊക്കെ പോലെ 500 രൂപ സ്വവരുമാനത്തിൽ നിന്നും ദിവ്യാംഗക്ഷേമത്തിനായി നീക്കിവച്ച് കൊണ്ട് പൊതുജനത്തിനും ദിവ്യാംഗ മിത്രമാകാൻ സാധിക്കും. 2023 ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സക്ഷമ കേരളമാസകലം ഈ പുണ്യ സേവാകർമ്മത്തിൽ (ദിവ്യാംഗ ക്ഷേമ നിധി) പങ്കാളിയാവാൻ സുമനസ്സുകളെ ക്ഷണിക്കുകയാണ്. ഈ പ്രവർത്തനത്തോട് ചേർന്ന് ദിവ്യാംഗമിത്രമാകാൻ മനസ്സുള്ളവർക്ക് 9961172402 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.
വ്യത്യസ്തരായി കാണാതെ തുല്യരായി കണ്ട് ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനും വികാസത്തിനും വേണ്ടി പ്രവർത്തിക്കാൻ 2008 ൽ രൂപം കൊണ്ട ദേശീയ സംഘടനയാണ് സക്ഷമ. ഉപകരണ വിതരണം, നേത്രദാനം, ബോധവൽകരണം, സംരക്ഷണ കേന്ദ്രങ്ങൾ, തെറാപ്പി സെന്ററുകൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ രാജ്യമെമ്പാടും സക്ഷമയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.പ്രധാന വെല്ലുവിളിയെന്തെന്നാൽ ദിവ്യാംഗർക്ക് തുണയാകുന്ന വാക്കിംഗ് സ്റ്റിക്കും, ശ്രവണസഹായിയും വീൽചെയറും മുതലായ ഉപകരണങ്ങൾ മുതൽ വപ്പുകാൽ പോലുള്ള കൃതൃമ അവയവങ്ങൾക്ക് വരെ വലിയ തുകയാണ് വേണ്ടിവരുന്നത്. ഇതിന് ജനങ്ങളിൽ നിന്ന് ചെറിയ സഹായമാണ് ദിവ്യാംഗ മിത്രം പദ്ധതിയിലൂടെ സക്ഷമ ഉദ്ദേശിക്കുന്നത്.












