വർക്കല : പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി അവശനാക്കി മർദ്ദിച്ച സംഭവത്തിൽ വഴിത്തിരിവ്. മകൾ ക്വട്ടേഷൻ നൽകിയതല്ലെന്ന് ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു. മകളും യുവാവും സുഹൃത്തുക്കളായിരുന്നു എന്നും പിന്നീട് യുവാവ് മകളെ ശല്യം ചെയ്യാൻ തുടങ്ങുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇത് ഒഴിവാക്കാൻ വേണ്ടി മകൾ സുഹൃത്തിനോട് പറഞ്ഞിരുന്നതായും അമ്മ വ്യക്തമാക്കി.
ആ പയ്യനും മകളും ഒരേ പ്രായക്കാരാണെന്ന് അമ്മ പറയുന്നു, സുഹൃത്തുക്കളാണ്. അവനെ അടിക്കാൻ മകൾ ക്വട്ടേഷൻ കൊടുത്തതൊന്നുമല്ല. അയാൾ അവളെ എപ്പോഴും ശല്യം ചെയ്യുമായിരുന്നു. മോശം വീഡിയോകൾ ഒക്കെ അയയ്ക്കും. വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിക്കുക. അത് ഒഴിവാക്കാൻ അവൾ സുഹൃത്തുക്കളോട് പറഞ്ഞു. അവരാണ് അവനെ മർദ്ദിച്ചത്. അല്ലാതെ മകൾ ക്വട്ടേഷൻ കൊടുത്തതൊന്നും അല്ലെന്ന് അമ്മ വ്യക്തമാക്കി. മകൾ നല്ലൊരു കലാകാരിയാണ്. അത് അവളുടെ അദ്ധ്യാപകരോട് ചോദിച്ചാൽ അറിയാമെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു.
അതേസമയം മകനെ മോചിപ്പിക്കാൻ യുവതി പണം ചോദിച്ചതായി യുവാവിന്റെ പിതാവ് ആരോപിച്ചു. വാഹനത്തിനുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിച്ച ശേഷം യുവാവിന്റെ മാലയും പണവുമെല്ലാം അക്രമികൾ തട്ടിയെടുത്തുവെന്നാണ് ആരോപണം. അതിനുശേഷം കറുത്ത തുണിയിട്ട് മുഖം മുഴുവൻ മറച്ചു. അവിടെനിന്ന് ഒരു പഴയ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ചും ക്രൂരമായി മർദ്ദിച്ചു. മകൻ ഇതുവരെ ഈ അതിക്രമത്തിന്റെ ഷോക്കിൽനിന്ന് മോചിതനായിട്ടില്ലെന്നും പിതാവ് പറഞ്ഞു.











