തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം ഉന്നതന് പണം നൽകിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ നൽകിയ പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം എന്നാണ് സൂചന.
ശക്തിധരന്റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്കാണ് ബെന്നി ബെഹനാൻ പരാതി നൽകിയത്. ഇത് ഡിജിപി ഡിസിപിയ്ക്ക് കൈമാറുകയായിരുന്നു. ഈ പരാതിയ്ക്ക് പുറമേ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെ സമൂഹമാദ്ധ്യമങ്ങളിൽ അപമാനിക്കുന്നുവെന്ന് കാട്ടി നൽകിയ പരാതിയും കൈമാറിയിട്ടുണ്ട്.
ജൂൺ 26 നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തിധരൻ രംഗത്ത് എത്തിയത്. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നാണ് ആരോപണം. കലൂരിലുള്ള ഓഫീസിലെ മുറിയിൽവച്ചാണ് ഈ പണം എണ്ണിയതെന്നും, ഇപ്പോൾ മന്ത്രിസഭയിലുള്ള നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.











