തിരുവനന്തപുരം : തന്നെ മതം മാറ്റാൻ ശ്രമം നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി തിരുവിതാംകൂർ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി. തിരുവിതാംകൂർ രാജകുടുംബത്തെ കൂട്ടത്തോടെ മതംമാറ്റാൻ മിഷണറികൾ ശ്രമിച്ചിട്ടില്ലെന്നും എന്നാൽ തന്നെ വ്യക്തപരമായി സമീപിച്ചിരുന്നതായും അവർ പറഞ്ഞു.
”എന്നെ പഠിപ്പിച്ച പ്രൊഫസറാണ് മതംമാറ്റാൻ ശ്രമിച്ചുക്കൊണ്ട് എന്നെ സമീപിച്ചത്. എനിക്ക് ബൈബിൾ അയച്ചുതരാമെന്നും എന്നും വായിക്കണമെന്നും അവർ പറഞ്ഞിരുന്നു. ഒടുവിൽ എനിക്ക് പൊഫസറോട് പറ്റില്ലെന്ന് തീർത്ത് പറയേണ്ടി വന്നു” അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഓർത്തെടുത്തു.
മിഷണറികളെ രാജകുടുംബം മികച്ച രീതിയിൽ പിന്തുണച്ചിട്ടുണ്ട്. കാരണം അവർ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ അവർക്ക് പ്രോത്സാഹനം ആവശ്യമാണെന്ന് രാജകുടുംബത്തിന് തോന്നി. എന്നാൽ അവരുടെ യഥാർത്ഥ ആവശ്യം മതപരിവർത്തനമായിരുന്നുവെന്നും അവർ പറഞ്ഞു.
രാജകുടുംബത്തെ മതപരിവർത്തനം നടത്താൻ ശ്രമം നടന്നിരുന്നോ എന്ന ചോദ്യത്തിന്, ഈ പറഞ്ഞ രീതിയിലല്ല അവർ മതപരിവർത്തനത്തിന് സമീപിച്ചത് എന്നാണ് അവർ പറഞ്ഞത്. തമ്പുരാന്റെ അടുത്തല്ല, തന്റെ അടുത്താണ് അവർ എത്തിയത്. കല്യാണം കഴിഞ്ഞ് കുട്ടിയായ സമയത്താണ് പ്രദേശവാസിയായ അവർ നീക്കം തുടങ്ങിയതെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ടെമ്പിൾ എന്ന പേരിൽ പുസ്തകം എഴുതിയ സമയത്താണ് സംഭവം നടന്നത്. തന്റെ മൂന്നാമത്തെ പുസ്തകം വായിച്ച ശേഷം അവർ തന്നെ സമീപിക്കുകയായിരുന്നു. ബൈബിളിൽ വിഗ്രഹാരാധന ഇല്ലെന്ന് അവർ പറഞ്ഞു. തനിക്ക് വലിയ ആദരവ് തോന്നിയ ആളായിരുന്നു അതെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി കൂട്ടിച്ചേർത്തു.











