ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഒന്നാം സ്ഥാനത്തെത്തി അഖിൽ മാരാർ. അവസാന നിമിഷ ട്വിസ്റ്റികളൊന്നും തന്നെ ഇല്ലാതെയാണ് അഖിർ മാരാർ ബിഗ് ബോസിൽ കപ്പുയർത്തിയത്. ടെലിവിഷൻ നടി റെനിഷ റഹ്മാനാണ് രണ്ടാം സ്ഥാനത്ത്. സോഷ്യൽ മീഡിയ താരം ജൂനൈസ് വി പി മൂന്നാം സ്ഥാനം നേടിയപ്പോൾ സംരഭകയും നടിയുമായ ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തെത്തി. നടൻ ഷിജു എ ആർ അഞ്ചാം സ്ഥാനത്താണ്.
ഹേറ്റേ്ഴ്സ് പോലും സീസൺ 5ൽ കപ്പ് ഉയർത്തുന്നത് അഖിൽ ആയിരിക്കുമെന്ന് പ്രവചിച്ചിരുന്നു. പരിപാടി ആരംഭിച്ച് ആദ്യ ദിവസം മുതൽ വ്യക്തമായ നിലപാട് സ്വീകരിച്ച അഖിലിന് ആരാധകരേക്കാൾ ഹേറ്റേഴ്‌സ് ആയിരുന്നു അധികം. തുടർന്ന് ഷോ പകുതിയായതോടെ അഖിലിനെ ആരാധകർ ഏറ്റെടുക്കാൻ ആരംഭിച്ചു.
എന്നാൽ ശോഭ വിശ്വനാഥ് അഖിലിന്റെ മികച്ച എതിരാളിയായി ഉയർന്നുവന്നത് ബിഗ് ബോസ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. അതേസമയം ബിഗ് ബോസ് വിന്നർ താനായിരിക്കുമെന്ന് അഖിൽ മാരാർക്ക് ഉറപ്പുണ്ടായിരുന്നു.
സീസൺ റണ്ണർ അപ്പ് ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭ പ്രേക്ഷകരുടെ വോട്ടിംഗിൽ നാലാം സ്ഥാനത്ത് എത്തുകയായിരുന്നു. ടോപ്പ് 2 ൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് ശോഭ പറഞ്ഞത്. ടോപ്പ് 5 ൽ വരാൻ പറ്റി. അത് ഒരു അനുഗ്രഹമായി കരുതുന്നു. ജീവിതത്തിൽ തോറ്റുപോയി, വീണുപോയി എന്ന് വിചാരിക്കുന്ന സ്ഥലത്ത് നമ്മൾ വീണിട്ടില്ല, അവിടെനിന്ന് തുടങ്ങണം. ഇത് തന്റെയൊരു പുതിയ തുടക്കമാണെന്ന് വിശ്വസിക്കുന്നു എന്നും പറഞ്ഞു.
ഓരോ നേട്ടത്തിലും മാതാപിതാക്കളോടും കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയുന്നുവെന്ന് അഖിൽ പറഞ്ഞു. ബിഗ് ബോസ് ട്രോഫി സുഹൃത്തുക്കൾക്ക് സമ്മാനിക്കുന്നു. ബിഗ് ബോസിലെ 21 പേരാണ് തന്നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. കൊട്ടാരക്കര മഹാഗണപതിയോടും നന്ദി അറിയിക്കുന്നതായി അഖിൽ മാരാർ പറഞ്ഞു.











