തിരുവനന്തപുരം; സീരിയൽ സംവിധായകൻ സുജിത് സുന്ദർ ബി.ജെ.പിയിലേക്ക്. ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു സുജിത്ത്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദളിൽ (എസ്) നിന്നുള്ള ഒരു കൂട്ടം നേതാക്കൾ ബിജെപിയിലേക്ക് ചേർന്നിരുന്നു. ഇതോടൊപ്പമാണ് സുജിത് സുന്ദറും ബിജെപിയിലേക്ക് എത്തിയത്.
“ഇടതുമുന്നണിയിൽ ജനാധിപത്യബോധമില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. വിവിധ വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഞങ്ങളെ അനുവദിച്ചില്ല. നിർഭാഗ്യമെന്നു പറയട്ടെ, ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മന്ത്രിമാരാകുന്നവർ പോലും നിശബ്ദത പാലിക്കുന്നു, ” ഇതാണ് രാജിയ്ക്ക് പ്രേരിപ്പിച്ചതെന്ന് സുജിത് വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടോളമായി ടെലിവിഷൻ സീരിയൽ സംവിധാന രംഗത്ത് പേരെടുത്ത വ്യക്തിത്വമാണ് സുജിത് സുന്ദറിൻറേത്. കുടുംബ പ്രേക്ഷകർക്കായി ടെലിവിഷൻ വ്യവസായത്തിന്റെ ഭാഗമായ ഒരു കലാകാരനായതിനാൽ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ സുജിത്ത് 27 വർഷത്തിനിടെ ഇരുപതോളം ടിവി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ മലയാളം ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത ‘ചന്ദനമഴ’, ‘സ്ത്രീജന്മം’, ‘ഓട്ടോഗ്രാഫ്’ എന്നിവ അദ്ദേഹത്തിന്റെ ജനപ്രിയ സീരിയലുകളിൽ ചിലതാണ്.












