നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭാര്യമാതാവിനെ മരുമകൻ തലക്കടിച്ചു കൊന്നു. നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മകളെ മർദ്ദിക്കുന്നത് തടയുന്നതിനിടയിലായിരുന്നു മരുമകന്റെ അടിയേറ്റ് തങ്കം കൊല്ലപ്പെട്ടത് . സംഭവത്തെ തുടർന്ന് ഇവരുടെ മരുമകനായ റോബർട്ടിനെ പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ റോബർട്ട് കൊല്ലപ്പെട്ട തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ്. തിരുവനന്തപുരം , കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ആയി റോബർട്ടിനെതിരെ പോക്സോ കുറ്റകൃത്യം അടക്കമുള്ള നിരവധി കേസുകൾ നിലവിലുണ്ട്. തങ്കത്തെ ആക്രമിച്ചതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച റോബർട്ടിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രീതയുടെ ആദ്യ ഭർത്താവ് നാലു വർഷം മുൻപ് മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് റോബർട്ടും പ്രീതയും തമ്മിൽ കലഹം പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രീതയെ ക്രൂരമായി മർദ്ദിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് തങ്കത്തിന് തലയ്ക്ക് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. പ്രീതയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.












