മലപ്പുറം: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു അന്ത്യം. ഏറെനാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകിയുടെ 75 ാം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്.
1928 ൽ പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി പൊന്നാനിക്കടുത്ത് മൂക്കുതലയിൽ ജനിച്ചു. അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. ഭർത്താവ് പരേതനായ രവി നമ്പൂതിരി.തൃശ്ശൂർ മുളംകുന്നത്തുകാവിലെ കപിലവസ്തുവിൽ മകൾ ചന്ദ്രികയോടൊപ്പമായിരുന്നു താമസം. ആറ് മക്കളുണ്ട്.
ദേവകി നിലയങ്ങോടിന്റെ രചനകളുടെ സമാഹാരം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ‘അന്തർജനം’ എന്നാണ് പുസ്തകത്തിന്റെ പേര്.വാതിൽപ്പുറപ്പാട്, കാലപ്പകർച്ചകൾ, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തർജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസത്കങ്ങളും രചിച്ചിട്ടുണ്ട്. 500 ലേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.












