തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ആള്‍മാറാട്ട കേസിലെ രണ്ട് പ്രതികൾക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പലായ ജി ജെ ഷൈജു, മുൻ എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് പ്രതികൾക്ക് ജാമ്യം നൽകിയത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർത്ഥിനി അനഘയ്ക്ക് പകരം എ വിശാഖിന്റെ പേര് മാറ്റി ചേർത്ത് പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജു സർവകലാശാലയ്ക്ക് പട്ടിക കൈമാറി എന്നാണ് കേസ്. . കേരള സർവ്വകലാശാലയുടെ പരാതിയിലാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. സർവ്വകലാശാലയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ കോടതിയെ സമീപിച്ച പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസ് ഡയറി പരിശോധിച്ച ശേഷം ഹൈക്കോടതി ഇവരുടെ ജാമ്യ ഹർജി തള്ളുകയും പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രണ്ടു പ്രതികൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. തുടർന്ന് ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ പദവിയിൽ നിന്ന് സര്‍വകലാശാല പുറത്താക്കിയിരുന്നു.
വ്യാജരേഖയുണ്ടാക്കിയ എസ്എഫ്ഐ നേതാവിന് സഹായം നൽകാൻ സമ്മർദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ജിജെ ഷൈജു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. തുടക്കം മുതൽ ഈ കേസിലുള്ള പോലീസിന്റെ മെല്ലെപ്പോക്ക് നയം വിവാദങ്ങൾ ഉയർത്തിയിരുന്നു.











