തിരുവനന്തപുരം : മാറനല്ലൂരിലെ സിപിഎം നേതാവ് സുധീര്‍ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിപിഐ പ്രവർത്തകനായ പ്രതി സജി കുമാറിനെ മധുരയിലെ ഒരു ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാർ.
സജികുമാർ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാറനല്ലൂരിലെ വീട്ടിൽ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീർഖാന്റെ മുഖത്തേക്ക് ആസിഡൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സുധീർ ഖാൻ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മാറനല്ലൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനമാണ് എ. ആർ. സുധീർഖാൻ.
ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സജികുമാർ സുധീർഖാന്റെ വീട്ടിലെത്തിയത് . തുടർന്ന് ഇയാൾ ഉറങ്ങുകയായിരുന്ന സുധീർ ഖാന്റെ ദേഹത്തേക്ക് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുറിയിൽ നിന്ന് ശബ്ദം കേട്ട് സുധീർഖാന്റെ ഭാര്യ വന്നു നോക്കിയപ്പോൾ ആണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത് .
ആസിഡ് വീണാണ് പൊള്ളലേറ്റതെന്ന് തിരിച്ചറഞ്ഞതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാവിലെ ഇയാളുടെ സുഹൃത്ത് സജികുമാർ വീട്ടിലെത്തിയ വിവരം സുധീർഖാന്റെ ഭാര്യ പോലീസിനെ അറിയിച്ചു. നിലവിളി കേട്ട സമയം ഇയാൾ ഓടി രക്ഷപെട്ടതും സുധീർഖാന്റെ ഭാര്യ കണ്ടിരുന്നു. പ്രതി സജികുമാർ ആണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇയാൾ ഒളിവിൽ ആയിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു ഇയാളെ മധുരയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.












