കോതമംഗലം : മണിപ്പൂർ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കോതമംഗലം സ്വദേശിയായ ബെന്നി ആർട്ട് ലൈൻ എന്ന വ്യക്തിക്കെതിരെ നിയമ നടപടി. മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെന്ന പേരിൽ, വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപി മണിപ്പൂര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്‍ഗാംഗ്ബാം ചിദാനന്ദസിങ്, അദ്ദേഹത്തിന്റെ പതിമൂന്ന് വയസ്സുകാരനായ മകന് ചിന്‍ഗാംഗ്ബാം സച്ചിദാനന്ദസിങ് എന്നിവർ ആർ എസ് എസ് യൂണിഫോം ധരിച്ചു നിൽക്കുന്ന ചിത്രം ഉപയോഗിച്ചുകൊണ്ട് കള്ള പ്രചരണം നടത്തിയതിനെതിരെയും, മറ്റൊരു പോസ്റ്റിൽ ആർ എസ് എസ് യൂണിഫോം ധരിച്ചവർ സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്ന് വരുത്തി തീർക്കുന്ന വിധത്തിലുള്ള ചിത്രം പ്രചരിപ്പിച്ചതിനെതിരെയുമാണ് കോതമംഗലം പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ഇതേ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ ആർ എസ് എസ് നിയമ നടപടി കൈക്കൊള്ളാൻ ഇരിക്കവേ, ഇന്നലെ സുഭാഷിണി അലി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. തന്റെ സോഷ്യൽ മീഡിയയിലും സുഭാഷിണി അലി മാപ്പ് പറഞ്ഞു പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആർട്ട് ലൈൻ ബെന്നി എന്ന ഫേസ് ബുക്ക് പേജിൽ നിന്നും നിരന്തരം ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പതിവായി ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കട്ടിയാണ് ആർ എസ് എസ് കോതമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.












