പാലക്കാട് : വാളയാറിൽ വെച്ച് ലഹരി മരുന്നുകളുമായി യുവാവ് പിടിയിലായി. വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടികൂടിയത്. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം സ്വദേശി പൂളക്കാപറമ്പിൽ സവാദ് (27) ആണ് പിടിയിലായത്. 27 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപുകളും ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
ജില്ലാ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് സവാദ് വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. സംസ്ഥാനത്തേക്ക് കഞ്ചാവിന്റെ വരവ് കുറഞ്ഞതോടെ സിന്തറ്റിക് ഡ്രഗുകളുടെ വരവ് വലിയ രീതിയിൽ വർദ്ധിച്ചിരിക്കുകയാണ്. അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് നിരവധി പേരാണ് ഈയടുത്തായി പിടിയിലായിരിക്കുന്നത്.
അതിർത്തി കടന്നുള്ള ലഹരിക്കടത്ത് എക്സൈസ് പ്രത്യേകം പരിശോധിച്ചു വരുന്നുണ്ട്. ഐബി ഇൻസ്പെക്ടറായ നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ.സുനിൽകുമാർ, ആർ.എസ്.സുരേഷ്, കെ.ജെ. ഓസ്റ്റിൻ, ടി.ആർ. വിശ്വകുമാർ, എക്സൈസ് സ്ക്വാഡ് പ്രിവന്റീവ് ഓഫിസർമാരായ അജിത്കുമാർ, സിഇഒമാരായ പി.ബിനു, പ്രസാദ്, സംഗീത, രാഹുൽ എന്നിവരും സവാദിനെ പിടികൂടിയ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.












