കോഴിക്കോട് : കേരളത്തിന്റെ കാർഷിക ഉത്പന്നമായ കള്ള് നല്ല പോഷകാഹാരമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്നാൽ എല്ലാവരും കളളുഷാപ്പിലേക്ക് പോകുന്നത് ഒളിസങ്കേതത്തിലേക്ക് പോകുന്നത് പോലെയാണ്. നമ്മൾ കള്ളിനെയും നീരയെയും ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നും ഇപി പറഞ്ഞു. എൽഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളള് യഥാർത്ഥത്തിൽ ഒരു നല്ല പോഷകാഹാരമാണ്. അത് രാവിലെ എടുത്തയുടൻ കഴിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ല. അപ്പോൾ അത് ലഹരിയല്ല. പിന്നീടാണ് ലഹരിയായിത്തീരുന്നത്. ലഹരിയല്ലാത്ത പാനീയമായി കള്ളിനെ കാണണം. എന്നാൽ ചെറുപ്പക്കാർ കള്ള് ചെത്താൻ വരുന്നില്ല. കൈയ്യിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് അതിന് കാരണം. ബോധവത്കരണം കൊണ്ട് മാത്രമേ ഇത് മാറ്റാനാകൂ.
നിയമം കൊണ്ടൊന്നും മദ്യപാനത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. ആധുനിക രീതിയിലേക്ക് കള്ളുഷാപ്പുകൾ മാരണം. അതേസമയം നീരയും കള്ളുമൊക്കെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരം കാര്യങ്ങളേക്കുറിച്ചാണ് നമ്മൾ ചർച്ചചെയ്യേണ്ടതെന്നും ഇപി ജയരാജൻ പറഞ്ഞു.












