പത്തനംതിട്ട : ഒന്നരവർഷം മുമ്പ് പത്തനംതിട്ടയിലെ കലഞ്ഞൂരിൽ യുവാവിനെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. യുവാവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെയാണ് ഒന്നരവർഷമായി കാണാതായിരുന്നത്. നൗഷാദിന്റെ ഭാര്യ അഫ്സാനയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ കാണാനില്ലെന്ന് 2021 നവംബറിലാണ് പോലീസിന് പരാതി ലഭിക്കുന്നത്. നൗഷാദിന്റെ പിതാവാണ് മകനെ കാണാനില്ലെന്ന് അറിയിച്ചു പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതികൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ആറുമാസങ്ങൾക്ക് മുൻപാണ് നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്.
കുറച്ചുനാളുകൾക്കു മുമ്പ് അടൂർ ഭാഗത്ത് വെച്ച് നൗഷാദിനെ താൻ കണ്ടിരുന്നു എന്ന അഫ്സാനയുടെ മൊഴിയാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടർന്ന് കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യലിൽ ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് അഫ്സാന തുറന്നു പറഞ്ഞു. ഒന്നരവർഷം മുമ്പ് ഈ ദമ്പതികൾ പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് കൊലപാതകം നടക്കുന്നത്. ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അഫ്സാനയുടെ മൊഴി.
പരുത്തിപ്പാറയിലെ വാടകവീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെടുക്കാൻ ആയിട്ടില്ല. മൃതദേഹം എവിടെയാണ് മറവ് ചെയ്തത് എന്നുള്ള ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മൊഴികളാണ് അഫ്സാന നൽകുന്നത്. മൃതദേഹം എവിടെയെന്ന് കൃത്യമായി അറിയാനായി അഫ്സാനയെ പോലീസ് കൂടുതൽ വിശദമായി ചോദ്യംചെയ്യുകയാണ്.












