ഇടുക്കി : കുട്ടിക്കാനം മുറിഞ്ഞപുഴയിൽ പിക്കപ്പ് വാൻ ആയിരം അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോട്ടയം പള്ളം സ്വദേശി ജോമോൻ ആണ് മരണപ്പെട്ടത്. വൈകിട്ട് 3:00 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തുനിന്നും ടയറുമായി വരുകയായിരുന്ന പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ നിന്നും ആയിരം അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 250 അടി താഴ്ചയിലുള്ള ഒരു മരത്തിൽ തങ്ങിനിൽക്കുന്ന രീതിയിലാണ് ഡ്രൈവറെ കണ്ടെത്തിയത്.
വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. 250 അടി താഴ്ചയിൽ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് ഡ്രൈവറെ മുകളിലേക്ക് എത്തിക്കാനായത്. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന മേഖലയാണ് ഈ പ്രദേശം. കൊടും വളവുകളും 1500 അടിയോളം വരെ താഴ്ചയുള്ള പ്രദേശങ്ങളുമാണ് ഇവിടെയുള്ളത്. മുൻപും ഇവിടെ നിരവധി റോഡ് അപകടങ്ങളും ചില മരണങ്ങളും നടന്നിട്ടുണ്ട്.












