പത്തനംതിട്ട : ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് നൗഷാദിനെ ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരിച്ചെന്ന് കരുതി നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പോകുകയായിരുന്നു.
അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വാടകവീട്ടിൽ വെച്ചാണ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. നൗഷാദ് അവശനിലയിലായതോടെ മരിച്ചെന്ന് കരുതി സംഘം പോയതാകാം. ഇതിന്റെ അടിസ്ഥാനത്തിലാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പറഞ്ഞത്. എന്നാൽ പിറ്റേന്ന് രാവിലെ എഴുന്നേറ്റ നൗഷാദ് ഇവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു.
ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് നാടുവിട്ടത് എന്നാണ് നൗഷാദ് പോലീസിന് മൊഴിനൽകിയത്. ഇത്രയയും നാൾ ആരുമറിയാതെ ജീവിക്കുകയായിരുന്നു എന്നും നൗഷാദ് പോലീസിനോട് പറഞ്ഞിരുന്നു.
ഇന്നു രാവിലെയാണ് നൗഷാദിനെ തൊടുപുഴയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്താനായത്. തുടർന്ന് ഇയാളെ കോന്നി കൂടൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. മകനെ കണ്ടതും മാതാപിതാക്കളായ സെത്തുബീവിയും അഷ്റഫും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു.
അതേസമയം, അഫ്സാനയ്ക്കെതിരെ എടുത്ത കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തെ എതിർക്കില്ലെന്നും എന്നാൽ പോലീസിനെ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.












