പത്തനംതിട്ട : പി എസ് സി റാങ്ക് പട്ടികയിൽ ഉള്ള യുവതിയോട് വേഗം ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തു കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ചെമ്പഴന്തി സ്വദേശി വിഷ്ണു ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ യുവതിയിൽ നിന്നുമാണ് ഇയാൾ വേഗത്തിൽ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി അറുപത്തിയെട്ടായിരത്തി എണ്ണൂറ് രൂപ വാങ്ങിയത്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഇയാൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
പുനർവിവാഹത്തിനുള്ള മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇയാൾ പത്തനംതിട്ട സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. പി എസ് സി റാങ്ക് പട്ടികയിൽ ഉള്ള ആളാണ് യുവതി എന്നറിഞ്ഞതോടെ ഇയാൾ ജോലി വേഗത്തിൽ ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് 24 തവണകളായി 1,68,800 രൂപ ഇയാൾ ഈ യുവതിയിൽ നിന്നും തട്ടിയെടുത്തു. യുവതിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഇയാൾ ജോലി ശരിയാകുമെന്ന് പറഞ്ഞ തീയതി ആയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
ഇതേ രീതിയിൽ എറണാകുളത്ത് നടത്തിയ ജോലി തട്ടിപ്പിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിഷ്ണുവിനെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ വാർത്ത അറിഞ്ഞാണ് പത്തനംതിട്ടയിലെ യുവതി പോലീസിനെ സമീപിക്കുന്നത്. എറണാകുളം ഹിൽപാലസ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ യുവതിക്ക് 3500 രൂപ മാത്രമാണ് നഷ്ടമായത്. വിഷ്ണുവിനെതിരെ പത്തനംതിട്ട ഇലവുംതിട്ട പോലീസ് കേസെടുത്തു. ഇതിനുമുൻപ് ചേലക്കര സ്വദേശിയായ യുവതിയിൽ നിന്നും 75000 രൂപ കബളിപ്പിച്ചതിനും അർത്തുങ്കൽ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 5 ലക്ഷം രൂപ തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കേസുണ്ട്.












