എറണാകുളം: ദുരൂഹ സാഹചര്യത്തിൽ അന്തേവാസികൾ മരിച്ചതിന് പിന്നാലെ മൂവാറ്റുപുഴയിലെ വൃദ്ധസദനം അടച്ച് പൂട്ടി. സ്നേഹ വീട് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വൃദ്ധസദനമാണ് മൂവാറ്റുപുഴ നഗരസഭാ അധികൃതർ അടച്ച് പൂട്ടിയത്. ഇവിടുത്തെ അന്തേവാസികളായ അഞ്ച് പേരായിരുന്നു തുടർച്ചയായുള്ള ദിവസങ്ങളിൽ മരിച്ചത്.
സംഭവത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വൃദ്ധസദനം അടച്ച് പൂട്ടിയത്. ഇവിടുത്ത അന്തേവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ഊർജ്ജിത അന്വേഷണം തുടരുകയാണ്. മരിച്ചവരുടെ ആന്തരികാവയവങ്ങളും ശരീര സ്രവങ്ങളും മറ്റും വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ പുറത്തുവന്ന ശേഷമാകും മരണകാരണം വ്യക്തമാകുക.
വൃദ്ധ സദനത്തിലെ അന്തേവാസികൾ ആയിരുന്ന ഏലിയാമ്മ സ്കറിയ, കമലം, ഏലിയാമ്മ ജോർജ്, ആമിന പരീത്, ലക്ഷ്മി കുട്ടപ്പൻ എന്നിവരാണ് മരിച്ചത്. ഇതിൽ കമലവും ഏലിയാമ്മ സ്കറിയയും ശനിയാഴ്ചയായിരുന്നു മരിച്ചത്. ഇതിലാണ് പോലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം വൃദ്ധസദനത്തിന്റെ നടത്തിപ്പ് ചുമതല മാറ്റാനാണ് നഗരസഭയുടെ തീരുമാനം. നിലവിൽ മുൻകൗൺസിലർ ബിനീഷ് കുമാറിന്റെ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിനാണ്. വൃദ്ധസദനം പ്രവർത്തിക്കുന്ന കെട്ടിടം പുതുക്കി പണിയാനും തീരുമാനം ആയിട്ടുണ്ട്.












