ന്യൂഡൽഹി : പിന്നോക്ക സമുദായത്തെ അപമാനിച്ച കേസിൽ താൻ കുറ്റക്കാരനല്ലെന്ന് രാഹുൽ ഗാന്ധി. അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്നും, ക്ഷമ ചോദിക്കാനായിരുന്നെങ്കിൽ അത് നേരത്തെ ചെയ്യാമായിരുന്നു എന്നും രാഹുൽ പറഞ്ഞു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിൽ താൻ കുറ്റക്കാരനല്ലെന്നും തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കുന്നതല്ലെന്നും രാഹുൽ പറഞ്ഞു. മാപ്പ് പറയാനായിരുന്നെങ്കിൽ നേരത്തെ പറയാമായിരുന്നു എന്നും മുൻ കോൺഗ്രസ് എംപി കൂട്ടിച്ചേർത്തു. പരാതിക്കാരനായ പൂർണേഷ് മോദി ‘അഹങ്കാരി’ തുടങ്ങിയ അപകീർത്തികരമായ പദങ്ങൾ തനിക്കെതിരെ ഉപയോഗിച്ചുവെന്ന് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചു.
അതിനാൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും ലോക്സഭയുടെ നിലവിലുള്ള സമ്മേളനങ്ങളിലും തുടർ സമ്മേളനങ്ങളിലും പങ്കെടുക്കാൻ അനുവദിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
2019 ഏപ്രിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പിന്നോക്ക സമുദായത്തിനെതിരെ നടത്തിയ പരാമർശത്തിൽ രാഹുലിനെതിരെ കേസെടുക്കുകയും എംപി സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഗുജറാത്തിൽനിന്നുള്ള എം.എൽ.എ. പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.












