ന്യൂഡൽഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും ജയിക്കുമെന്ന് കേരളാ നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതായി എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ. ഡൽഹിയിൽ കോൺഗ്രസ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. നിലവിൽ കേരളത്തിൽ കോൺഗ്രസിന് വൻ വിജയം നേടാനുളള സാഹചര്യമാണുളളതെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
മണിപ്പൂർ കത്തുകയാണെന്നും കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. രണ്ട് സർക്കാരുകൾക്കും എതിരെ ജനവികാരം ഉയരുകയാണെന്നും കേരളത്തിലെ ജനങ്ങൾ ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ അസ്വസ്ഥരാണെന്നും വേണുഗോപാൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികൾ ഉടൻ രൂപീകരിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾക്കെതിരെ ദേശീയ നേതൃത്വം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പാർട്ടി പ്രവർത്തകർക്ക് പറയാനുള്ളത് പാർട്ടിക്കകത്ത് മാത്രം പറഞ്ഞാൽ മതിയെന്നും കെ സി വേണുഗോപാൽ അറിയിച്ചു.
ഇപ്പോൾ കേരളത്തിൽ കോൺഗ്രസിന് വലിയ വിജയം നേടാനുള്ള സാഹചര്യമാണ് ഉള്ളതെന്നും ഇതിനായി കോൺഗ്രസ് അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്നു പ്രവർത്തിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.












