ആലപ്പുഴ: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ലെന്നും പൊതുമാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായംകുളം എസ്എൻഡിപി ഗുരുകീർത്തി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സ്പീക്കർ അദ്ദേഹത്തിൻറെയും ക്രിസ്ത്യൻ സമുദായത്തെയും ബുദ്ധമതത്തെയുംകുറിച്ച് പറഞ്ഞില്ല. ഹിന്ദു സമുദായത്തെ മാത്രം തോണ്ടി പറയുമ്പോൾ വികാരം ആളിക്കത്തും. ഇതുപോലെയുള്ള ജൽപനങ്ങളാണ് ജാതിചിന്തയും വികാരവും ഉണ്ടാക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഇതര മതവിഭാഗങ്ങളിലെപ്പോലെ ഹിന്ദുക്കൾക്കും കോ-ഓർഡിനേഷൻ കമ്മറ്റി ഉണ്ടാക്കി കൊടുക്കുന്ന തരം വാക്കുകളാണ് ഷംസീറിൽ നിന്നു വന്നത്. ഷംസീർ പൊതുമാപ്പ് പറയണമെന്നും തെറ്റേറ്റ് പറയുന്നത് ഏറ്റവും വലിയ മഹത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരഭിമാനം നല്ലതിനല്ല. ഒട്ടും സമയം കളയാതെ പറ്റിയ അമളി സ്പീക്കർ തിരുത്തണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അറിഞ്ഞോ അറിയാതെയോ വായിൽനിന്ന് വല്ലതും വീണെങ്കിൽ ആലങ്കാരികമായി പറഞ്ഞതാണ് എന്ന നിലയിൽ ഹിന്ദുസമുദായത്തോട് മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. ഇതിലൂടെ ഒന്നുകൂടി ഉയരങ്ങളിലേക്ക് സ്പീക്കർ എത്തും. തെറ്റ് ആർക്കും സംഭവിക്കാം. ഇതിൽ ദുരഭിമാനം ആർക്കും നല്ലതല്ലെന്ന് വെള്ളപ്പള്ളി കൂട്ടിച്ചേർത്തു.












