ചങ്ങനാശേരി: പൊറോട്ടയ്ക്ക് സൗജന്യമായി ചാറ് നൽകിയില്ലെന്നാരോപിച്ച് ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊട്ടിച്ചു. ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് അക്രമത്തിനിരയായത്.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘം പൊറോട്ട ഓർഡർ ചെയ്തതായി ഹോട്ടൽ ഉടമ പറയുന്നു. പൊറോട്ട കൊണ്ടുവെച്ചതിന് പിന്നാലെ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ സംഘം ഇതരസംസ്ഥാന തൊഴിലാളിയായ സപ്ലെയറെ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ തൊഴിലാളിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. വിഷയത്തിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.












