പത്തനംതിട്ട : ഓടിക്കൊണ്ടിരിക്കുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. പത്തനംതിട്ട വെട്ടൂരിലാണ് സംഭവം. തീ കണ്ട് ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്ന് പറയപ്പെടുന്നു. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
പാറമടയിൽ നിന്നുള്ള മെറ്റലുമായി വെട്ടൂർ ഭാഗത്ത് കൂടി കുമളിയിലേക്ക് യാത്ര ചെയ്തിരുന്ന ടിപ്പർ ലോറിയിലാണ് തീ പിടിച്ചത്. സംഭവം നടക്കുമ്പോൾ ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തീ കത്തുന്നത് കണ്ടപ്പോൾ ഡ്രൈവർ വണ്ടി നിർത്തിയ ശേഷം ഇറങ്ങി ഓടുകയായിരുന്നു. തീപിടുത്തത്തിൽ ഡ്രൈവർ ക്യാബിൻ പൂർണ്ണമായും കത്തിനശിച്ചു.
കോന്നി സ്വദേശി സാംസണിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടുത്തം ഉണ്ടായത് എന്നാണ് ആദ്യ പരിശോധനകൾ സൂചിപ്പിക്കുന്നത് എങ്കിലും കൂടുതൽ വിശദമായ പരിശോധനകൾ നടത്തുന്നതാണ്. തീ പടരുന്നത് കണ്ട ഉടനെ തന്നെ വാഹനം നിർത്തി ഇറങ്ങി ഓടിയതിനാൽ ഡ്രൈവർ വിനീതിന് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ല.












