കോഴിക്കോട് : കൊലപാതക കേസിലും അൻപതോളം മോഷണ കേസുകളിലും പ്രതിയായ സ്പൈഡർ സാബു എന്ന കുറ്റവാളി കോഴിക്കോട് പോലീസിന്റെ പിടിയിലായി. 2001ൽ നടത്തിയ കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ്. കോവിഡ് കാലത്ത് ലഭിച്ച ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം മുങ്ങി നടക്കുകയായിരുന്നു. വയനാട് ബത്തേരി സ്വദേശിയാണ് അന്തർ സംസ്ഥാന മോഷ്ടാവായ സ്പൈഡർ സാബു.
2001 ൽ കോഴിക്കോട് കോട്ടൂളിയിൽ വെച്ച് മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോൾ വീട്ടുടമസ്ഥൻ ശ്രീധരകുറുപ്പിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നത്. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ശേഷവും ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിരുന്നു. മാരകായുധങ്ങളുമായി മോഷണം നടത്തുകയും പിടിക്കപ്പെട്ടാൽ ആക്രമിച്ച് രക്ഷപ്പെടുകയും ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഇയാൾ.
കഴിഞ്ഞദിവസം നല്ലളത്തെ പ്രവാസിയുടെ വീട്ടിൽ മോഷണത്തിനായി എത്തിയ ഇയാൾ സിസിടിവി ക്യാമറയിൽ കുടുങ്ങിയിരുന്നു. വിദേശത്ത് വച്ച് ഈ സിസിടിവി ദൃശ്യങ്ങൾ കാണാനിടയായ പ്രവാസി പോലീസിനെ വിവരം അറിയിച്ചു . തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ചെറുവണ്ണൂരിൽ വച്ച് വാഹന പരിശോധനയ്ക്കിടെ സ്പൈഡർ സാബുവിനെ പിടികൂടുകയായിരുന്നു.












