വയനാട് : ഓടിക്കൊണ്ടിരിക്കുമ്പോൾ ആർടിആർ ബൈക്കിന് തീ പിടിച്ചു. വാഹനം പൂർണ്ണമായും കത്തിനശിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ തീ കണ്ടതോടെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി മാറിയതിനാൽ അപകടം ഒഴിവായി. വയനാട് കല്ലൂർ അറുപത്തിയാറിലാണ് സംഭവം.
ബീനാച്ചി ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ആർടിആർ ബൈക്ക്. ഇദ്ദേഹത്തിന്റെ സുഹൃത്തായ അൻസാദ് ആയിരുന്നു അപകടമുണ്ടാകുന്ന സമയത്ത് ബൈക്ക് ഓടിച്ചിരുന്നത്. സ്റ്റാർട്ടിംഗ് പ്ലഗിൽ ലൂസ് കണക്ഷൻ ഉണ്ടായതാകാം അപകടകാരണം എന്നാണ് കരുതപ്പെടുന്നത്. ബത്തേരിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിച്ച് അപകടം ഉണ്ടാകുന്നത് ഇപ്പോൾ തുടർക്കഥ ആവുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നിരവധി കാറുകളും ബൈക്കുകളും ടിപ്പർ ലോറിയും അടക്കം തീപിടുത്തമുണ്ടായി കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് പോലെയുള്ള പ്രശ്നങ്ങളാണ് പല വാഹനങ്ങൾക്കും തീ പിടിക്കാൻ കാരണമാകുന്നത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.












