തൃശൂർ : മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വീടിന് സമീപത്തായുള്ള മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടി മരണപ്പെട്ടത്. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ അനന്യയാണ് മരിച്ചത്. ചാലക്കുടിയിലെ കോട്ടാറ്റ് ഓട്ടുകമ്പനിയിലെ തൊഴിലാളിയാണ് ചന്ദ്രദേവ്.
ജോലിചെയ്യുന്ന ഓട്ടുകമ്പനിക്ക് സമീപം തന്നെയാണ് ഈ കുടുംബം താമസിക്കുന്നത്. ഓട്ടുകമ്പനിക്ക് പുറകിൽ ഉള്ള ഇവരുടെ വീടിന് തൊട്ടടുത്താണ് മണ്ണെടുത്ത് വലിയ കുഴി ഉണ്ടായിരുന്നത്. വെള്ളം കെട്ടി നിന്നിരുന്ന ഈ കുഴിയിലേക്ക് കുട്ടി അറിയാതെ കാൽ വഴുതി വീഴുകയായിരുന്നു എന്ന് കരുതപ്പെടുന്നു.
വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും മറ്റും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.












