തൃശൂർ : വെളിച്ചെണ്ണ കമ്പനിയുടെ കളക്ഷൻ ഏജന്റിനെ വാഹനം അടക്കം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ചെറുപറമ്പില്‍ മിഥുന്‍ (31), നടവരമ്പ് ചേമ്പരത്ത് വീട്ടില്‍ സലേഷ് (28), കൊറ്റനല്ലൂര്‍ ആലേങ്ങാടന്‍ വീട്ടില്‍ അരുണ്‍ (26) എന്നിവരാണ് അറസ്റ്റിലായത്. എസ്. എൻ പുരം സ്വദേശി മിഥുൻ ലാലിനെയാണ് തട്ടിക്കൊണ്ടുപോയത്.
ഓഗസ്റ്റ് നാലിന് ഇരിങ്ങാലക്കുട വള്ളിവട്ടത്ത് വെച്ചാണ് സംഭവം. മിഥുൻ ലാലിൽ നിന്നും 20,000 രൂപയും 60 ലിറ്റർ വെളിച്ചെണ്ണയുമാണ് ഇവർ കവർന്നത് . രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മിഥുൻ ലാലിനെ പ്രതികൾ മുഖത്തും കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
കവർച്ച നടത്തിയ ശേഷം മൂന്ന് പ്രതികളും ചേർന്ന് മിഥുൻ ലാലിനെ എടക്കുളത്തെ റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. അദ്ദേഹത്തിന്റെ കാറിന്റെ ടയറുകൾ കുത്തിപ്പൊട്ടിച്ച ശേഷം ഇവർ മറ്റൊരിടത്ത് ഉപേക്ഷിച്ചിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. നിരവധി സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇരിങ്ങാലക്കുട സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷാജന്‍, എന്‍.കെ. അനില്‍കുമാര്‍ എന്നിവര്‍ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.












