തൃശ്ശൂർ: വൃദ്ധസദനത്തിൽവച്ച് വിവാഹിതരായ ദമ്പതികളിൽ ഭർത്താവ് അന്തരിച്ചു. 64 കാരനായ കൊച്ചനിയൻ ആണ് അന്തരിച്ചത്. കൊച്ചനിയനും ഭാര്യ ലക്ഷ്മി അമ്മാളും രാമവർമ്മപുരം വൃദ്ധസദനത്തിലെ അന്തേവാസികൾ ആയിരുന്നു.
രാവിലെയോടെയായിരുന്നു കൊച്ചനിയന്റെ വിയോഗം. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാൽ അവശനായിരുന്നു. നാല് വർഷം മുൻപായിരുന്നു വൃദ്ധസദനത്തിൽവച്ച് കൊച്ചനിയനും ലക്ഷ്മി അമ്മാളും വിവാഹിതർ ആയത്.
2019 ഡിസംബർ 28 നായിരുന്നു ലക്ഷ്മി അമ്മാൾ കൊച്ചനിയന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നത്. ആദ്യ ഭാര്യ മരിച്ചതിന് ശേഷം ഒറ്റയ്ക്കായിരുന്നു കൊച്ചനിയന്റെ ജീവിതം. ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് ജി.കെ കൃഷ്ണ അയ്യർ 25 വർഷം മുൻപ് മരിച്ചിരുന്നു. ഇതിന് ശേഷം ഇവരും ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
വൃദ്ധ സദനത്തിൽ താമസിച്ചുവരുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. തുടർന്ന് വൃദ്ധ സദനത്തിന്റെ അധികൃതർ ചേർന്ന് വിവാഹം നടത്തുകയായിരുന്നു. മുൻ മന്ത്രി വി.എസ് സുനിൽ കുമാർ ആയിരുന്നു വധുവിന്റെ കൈ പിടിച്ച് നൽകിയത്. അന്തേവാസികൾ കൂട്ടിവച്ച് ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ചായിരുന്നു താലിമാല ഉൾപ്പെടെ വാങ്ങിയത്.












