തിരുവനന്തപുരം : കേരളം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചു. നിലവിൽ ഉയർന്ന വില കൊടുത്താണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ലോഡ് ഷെഡിംഗ് വേണമോയെന്ന കാര്യത്തിൽ ഈ മാസം 21ന് ശേഷം തീരുമാനമുണ്ടാകും.
കാലവർഷം കുറഞ്ഞെങ്കിലും ഓഗസ്റ്റിൽ കൂടുതൽ മഴ കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു കെഎസ്ഇബി. എന്നാൽ ഈ പ്രതീക്ഷയും ഇല്ലാതായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. നിലവിൽ ദിവസവും 15 കോടി രൂപ ചിലവഴിച്ചാണ് വൈദ്യുതി വാങ്ങുന്നത്. പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുകയോ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുകയോ ചെയ്യേണ്ടിവരും.
നിലവിലെ സാഹചര്യങ്ങൾ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കെഎസ്ഇബി ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഒരു സാധ്യത ലഭ്യമായില്ലെങ്കിൽ ലോഡ് ഷെഡിംഗിനെ കുറിച്ച് പരിഗണിക്കാനാണ് സർക്കാർ തീരുമാനം. ഹൈക്കോടതി വിധി അനുകൂലമാവുകയാണെങ്കിൽ വൈദ്യുതി നിരക്ക് വർദ്ധനയും പരിഗണനയിലുണ്ട്.












