തൃശൂർ : ചെടി നനയ്ക്കുന്നതിനിടെ വെള്ളം തെറിച്ചെന്ന കാരണത്താൽ അയൽവാസിയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിലായി. പനമുക്ക് സ്വദേശി കുട്ടൻ ആണ് അറസ്റ്റിലായത്. അയൽവാസിയായ ബോസ് എന്നയാളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് വൈകിട്ടാണ് സംഭവം. ബോസിന്റെ വീടിന്റെ മതിലിനോട് ചേർന്നുള്ള ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടന്റെ ദേഹത്തേക്ക് വെള്ളം തെറിച്ചു എന്ന കാരണം പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും ഇരുമ്പ് വടി എടുത്തു കൊണ്ടുവന്ന് ബോസിനെ തലക്കടിച്ച് പരിക്കേൽപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ ബോസ് കുഴഞ്ഞുവീണു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ബോസിന്റെ മൊഴി രേഖപ്പെടുത്തിയ നെടുപുഴ പോലീസ് കുട്ടനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതി കുട്ടൻ ഇതിനു മുൻപും അയൽവാസിയായ ബോസിനെയും കുടുംബത്തെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതിന്റെ പേരിൽ കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ കേസുകളുടെ വിചാരണ നടക്കുന്നതിനിടയിലാണ് ഈ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിജി ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












