കേരളത്തിൽ ഇപ്പോൾ നിത്യേനയെന്നോണം ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണ സംഭവങ്ങൾ ഉണ്ടാവുകയാണ്. ട്രെയിനിന് തീയിടൽ, ട്രെയിനിനു നേരെ കല്ലേറ്, റെയിൽപാളത്തിൽ കല്ലുകളും മറ്റും വെച്ചുള്ള ആട്ടിമറി ശ്രമങ്ങൾ എന്നിങ്ങനെ പല രീതിയിലും കേരളത്തിൽ ട്രെയിനുകൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഏഴു തവണയാണ് കേരളത്തിൽ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്.
ഈ സംഭവങ്ങളിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയം ഇവയെല്ലാം നടക്കുന്നത് മലബാർ മേഖലകളിൽ ആണെന്നുള്ളതാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് മേഖലകളിൽ നിന്നായി വിവിധ ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടാവുന്നുണ്ട്. ഈ അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാൻ കഴിയുന്നില്ല എന്നുള്ളത് മറ്റൊരു ദുഃഖകരമായ കാര്യമാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ഈ അടുത്തകാലത്തായി ട്രെയിനുകൾ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഏറ്റവും കൂടുതൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് നടന്നത് കണ്ണൂരിലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ണൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. അതേദിവസം രാത്രി മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. തുടർന്നുള്ള 3 ദിവസങ്ങളിലും ഇത്തരത്തിൽ ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ആവർത്തിച്ചു. ഇതോടെയാണ് ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് സംഭവങ്ങൾ പോപ്പുലർ ഫ്രണ്ട് റെയ്ഡിനോടും കേന്ദ്രസർക്കാരിനോടും ഉള്ള പ്രതികാരമാണോ എന്ന സംശയത്തിലേക്ക് നീങ്ങുന്നത്. അതിനാൽ തന്നെ ഈ സംഭവങ്ങളെക്കുറിച്ച് കൂടുതൽ കൃത്യമായ അന്വേഷണങ്ങളും പ്രതികളെ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതും ഏറെ അത്യാവശ്യമാണെന്നാണ് പൊതുജനാഭിപ്രായം.












