കാടാമ്പുഴ : ശ്രീ കാടാമ്പുഴ ഭഗവതിക്ക് പുതിയ സ്വർണ്ണ തിരുമുഖവും വെള്ളി കൊണ്ടുള്ള കവരവിളക്കും സമർപ്പിച്ചു. അമേരിക്കൻ വ്യവസായിയും ആലപ്പുഴ സ്വദേശിയുമായ സുരേഷ്കുമാർ പാലാഴിയാണ് ഭഗവതിക്ക് വഴിപാടായി തിരുമുഖവും കവരവിളക്കും സമർപ്പിച്ചത്. ഏകദേശം 25 ലക്ഷം രൂപ വിലപിടിപ്പുള്ളവയാണ് ഈ വഴിപാടുകൾ.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ഇവ നേരിട്ട് ഏറ്റുവാങ്ങി. പ്രത്യേകപൂജകൾ നടത്തിയാണ് തിരുമുഖവും കവരവിളക്കും ശ്രീകോവിലിൽ സ്ഥാപിച്ചത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.ബിനേഷ് കുമാർ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പുതുമന മഠം ഹരി എമ്പ്രാന്തിരി, ക്ഷേത്രം മാനേജർ എൻ.വി മുരളീധരൻ, എഞ്ചിനീയർ കെ.വിജയകൃഷ്ണൻ ക്ഷേത്രം ജീവനക്കാർ ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. കുടുംബത്തിൻ്റെ പേരിലായി ഭക്തർക്കുള്ള പ്രസാദഊട്ടും നടത്തി.












