കായംകുളം : കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഭിന്നശേഷിക്കാരായ മാതാപിതാക്കൾ. ബന്ധുവായ യുവാവ് പെൺകുട്ടിയ്ക്ക് വലിയ രീതിയിലുള്ള മാനസിക പീഡനം ഉണ്ടാക്കിയിരുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് വിഷ്ണുപ്രിയയുടെ അച്ഛൻ വിജയൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. കുളക്കടവിൽ നിന്നും വിഷ്ണുപ്രിയയുടെ ആത്മഹത്യക്കുറിപ്പും ലഭിച്ചിരുന്നു. ഈ ആത്മഹത്യകുറിപ്പിൽ ബന്ധുവായ യുവാവാണ് മരണത്തിന് കാരണമെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
ആത്മഹത്യാക്കുറിപ്പിന്റെയും മാതാപിതാക്കളുടെ പരാതിയുടെയും അടിസ്ഥാനത്തിൽ ഈ യുവാവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ബന്ധുവായ ഈ യുവാവ് നിരന്തരം മാനസിക പീഡനങ്ങൾ ഉണ്ടാക്കുന്നതായി വിഷ്ണുപ്രിയ കൂട്ടുകാരികളോട് പരാതി പറഞ്ഞിരുന്നതായി പിതാവ് ആരോപിക്കുന്നു. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയനും അമ്മ രാധികയും വികലാംഗരാണ്. വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.












