തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. അരിപ്പൊടി, പുട്ടുപൊടി, അപ്പം പൊടി , ഇടിയപ്പം പൊടി നിര്‍മ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്.
കേരളത്തിലെ വിപണികളിൽ ലഭ്യമാകുന്ന പല അരിപ്പൊടി ബ്രാന്‍ഡുകളിലും കൂടിയ അളവിൽ കീടനാശിനികൾ കാണപ്പെടുന്നതായുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ പരിശോധന ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി 68 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 199 പരിശോനകള്‍ നടത്തി. കൊല്ലം, കോട്ടയം എന്നീ ജില്ലകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 104 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 75 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് ലാബുകളില്‍ പരിശോധനക്കായി അയച്ചു. ഇടുക്കി ജില്ലയില്‍ മറ്റൊരു ദിവസം പരിശോധന നടത്തുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.












