തൃശ്ശൂർ: സംസ്ഥാനത്ത് മയിലുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. 1998 ന് ശേഷം സംസ്ഥാനത്ത് മയിലുകളുടെ എണ്ണത്തിൽ 150 ശതമാനത്തോളം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനം വരൾച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പണ്ട് കാലങ്ങളിൽ പാലക്കാട്, തൃശ്ശൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലായിരുന്നു മയിലുകളെ കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് എല്ലാ ജില്ലകളിലും മയിലുകൾ സുലഭമായി കാണപ്പെടുന്നു. കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. വരണ്ട പ്രദേശങ്ങളിലാണ് സാധാരണയായി മയിലുകൾ ധാരാളമായി കാണപ്പെടുക. എല്ലാ ജില്ലകളിലും മയിലുകൾ ധാരാളമായി കാണപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങൾ വരണ്ടിരിക്കുന്നതായി അനുമാനിക്കാം.
ഇ ബോർഡ് എന്ന സംവിധാനങ്ങളിലൂടെ 30,000 പക്ഷി നിരീക്ഷകർ പഠനം നടത്തി കണ്ടെത്തൽ വെളിപ്പെടുത്തിയിരുന്നു. ഇതിൽ നിന്നാണ് മയിലുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി വ്യക്തമായത്. പണ്ട് കാലത്ത് വിരളമായി മാത്രമേ മയിലുകളെ കണ്ടിരുന്നുള്ളു. അതുകൊണ്ട് തന്നെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വർദ്ധനവ് തുടർന്നാൽ 2050 ആകുമ്പോഴേക്കും സംസ്ഥാനത്തെ 40 ശതമാനം ഭൂപ്രദേശവും മയിലുകൾക്ക് വസിക്കാൻ യോജിച്ചതാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇപ്പോൾ തന്നെ കർഷകർക്ക് മയിലുകൾ തലവേദനയാണ്. പലയിടത്തും വ്യാപകമായി വിള നശിപ്പിക്കുന്നതിനെ തുടർന്ന് കർഷകർ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന് പുറമേ വാഹനയാത്രികർക്കും മയിലുകൾ ഭീഷണിയാണ്. പറക്കുന്ന മയിലിടിച്ച് നിരവധി വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായിട്ടുള്ളത്.












