തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗൺസിലിൽ പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്. പുതുപ്പള്ളിയിൽ സഹതാപ തരംഗത്തോടൊപ്പം തന്നെ ഭരണവിരുദ്ധ വികാരവും ഉണ്ടായെന്ന് യോഗം വിലയിരുത്തി. സിപിഐക്ക് ഇപ്പോൾ തിരുത്തൽ ശക്തിയാകാൻ കഴിയുന്നില്ലെന്നും സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.
മുൻകാലങ്ങളിൽ സിപിഐ ഒരു തിരുത്തൽ ശക്തിയായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് സാധ്യമാകുന്നില്ല. പുതുപ്പള്ളിയിൽ ഉണ്ടായ സർക്കാർ വിരുദ്ധ വികാരം തിരിച്ചറിഞ്ഞ് തിരുത്തണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ വിലയിരുത്തി. പുതുപ്പളളി ഫലം സർക്കാരിൻെറ വിലയിരുത്തലാകുമെന്ന എംവി ഗോവിന്ദന്റെ പ്രതികരണം തെറ്റായിപ്പോയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി.
കരുവന്നൂർ തട്ടിപ്പ് കേസ് ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്ന് സിപിഐ വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന സീറ്റാണ് തൃശൂർ. ഇത്തവണ തൃശ്ശൂരിൽ കരുവന്നൂർ തട്ടിപ്പ് ഒരു വലിയ വിഷയം ആകുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ.












