റായ്പൂർ : സർക്കാർ ആശുപത്രിയിൽ അഞ്ച് ദിവസമായി വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ഇതോടെ മൊബൈൽ ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ചാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. ഛത്തീസ്ഗഡിലെ ബസ്തറിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് ആശുപത്രിയിലെ വൈദ്യുതി ബന്ധം നിലച്ചത്.
ഇന്നലെ വൈകുന്നേരം ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോൾ വൈദ്യുതിയില്ലായിരുന്നു. ഇത് മൂലം ഗുരുതരാവസ്ഥയിലുള്ള രോഗികളെ ദിമരപാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ വൈദ്യുതിയില്ലെന്ന് അറിഞ്ഞതോടെ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായിട്ട് പോലും അഞ്ച് ദിവസമായി വൈദ്യുതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ജനറേറ്റർ പോലുമില്ലാതെ ആശുപത്രി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ജനങ്ങൾ ചോദിക്കുന്നു. ആശുപത്രിയിൽ ഉടൻ തന്നെ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വൈദ്യുതി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് എംഎൽഎ രാജ്മാൻ ബെഞ്ചമിൻ പറഞ്ഞു.












