തൃശ്ശൂർ: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മേൽക്കോടതിയെ സമീപിക്കുമെന്ന് ഇരു ദേവസ്വങ്ങളും അറിയിച്ചു. മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയത്.
വെടിക്കെട്ടില്ലാതെ തൃശ്ശൂർ പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങളോട് കൂടിയാണ് പൂരം നടത്തുക. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. വെടിക്കെട്ട് ഇല്ലാതെ പൂരം നടത്താൻ കഴിയില്ല. ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.
മതപരമായ ചടങ്ങുകൾക്ക് മാത്രം വെടിക്കെട്ട് നിരോധിച്ചിട്ട് മറ്റിടങ്ങളിൽ അനുവദിക്കുന്നത് ശരിയല്ലെന്ന് പാറമേക്കാവ് ദേവസ്വം ബോർഡ് അറിയിച്ചു. ഇത് തുല്യനീതിയല്ല. ആരെയും കേൾക്കാതെയാണ് ദേവസ്വം ബോർഡ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത് എന്നും അദ്ദേഹം പ്രതികരിച്ചു.
വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വിഡ്ഢിത്തമാണെന്ന് വടക്കുന്നാഥൻ ഉപദേശക സമിതിയും അറിയിച്ചു.












