എറണാകുളം: പള്ളിയിലെ ചടങ്ങിനായി സ്വരൂപിച്ച പണം ക്ഷേത്രത്തിലെ സമൂഹവിവാഹത്തിനായി മാറ്റിവച്ച് ഒരു കൂട്ടം യുവാക്കൾ. എറണാകുളം കാലടിയിലെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ദുബായ് ആണ് ഇത്തരത്തിൽ മാതൃകയായത്.
കാഞ്ഞൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേനയ്ക്കായി മാറ്റി വച്ച തുകയാണ് സമൂഹവിവാഹത്തിനായി നൽകിയത്. കഴിഞ്ഞ പതിനാല് വർഷമായി ഫ്രണ്ട്സ് ഓഫ് ദുബായ് കൂട്ടായ്മയാണ് നൊവേന നടത്തിയിരുന്നത്. എന്നാൽ ഈ വർഷം നിരവധി പേർ നൊവേന നടത്തണമെന്ന ആഗ്രഹവുമായി പള്ളിയെ സമീപിച്ചതോടെ നറുക്കെടുക്കുകയായിരുന്നു.
നറുക്കെടുപ്പിൽ മറ്റൊരു കൂട്ടായ്മയ്ക്കാണ് അവസരം ലഭിച്ചത്. ഇതോടെ നൊവേനയ്ക്കായി സ്വരുക്കൂട്ടിയ പണം ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കാൻ യുവാക്കൾ തീരുമാനിക്കുകയായിരുന്നു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന സമൂഹവിവാഹത്തിനാണ് പണം കൈമാറിയത്. ഇവർക്കായി ബെന്നി ബെഹ്നാൻ എംപിയാണ് ക്ഷേത്ര ഭാരവാഹികൾക്ക് ചെക്ക് കൈമാറിയത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വർഷങ്ങളായി സമൂഹവിവാഹം നടക്കുന്നുണ്ട്. ഇതിനകം 114 യുവതികൾക്കാണ് മംഗല്യ ഭാഗ്യം ലഭിച്ചത്.












