ന്യൂഡൽഹി: പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആദ്യ പട്ടികയിൽ 34 പേർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.കേരളത്തിൽ നിന്നും മൂന്നു പേർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു . കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇപി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവരാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം നേടിയ മലയാളികൾ.
ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാർബതി ബർവ, ആദിവാസി സാമൂഹ്യ പ്രവർത്തകനായ ഛത്തീസ്ദഡിൽനിന്നുള്ള ജഗേശ്വർ യാദവ്, ഗോത്ര വിഭാഗത്തിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തക ഝാർഗഢിൽ നിന്നുള്ള ചാമി മുർമു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവർത്തകനായ ഹരിയാനയിൽനിന്നുള്ള ഗുർവിന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകനായ പഞ്ചിമ ബംഗാളിൽനി്‌നനുള്ള ധുഖു മാജി, മിസോറാമിൽനിന്നുള്ള സാമൂഹിക പ്രവർത്തകൻ സംഘതൻകിമ, പരമ്പരാഗത ആയുർവേദ ചികിത്സകനായ ഛത്തീസ്ഗഢിൽനിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചൽ പ്രദേശിൽനിന്നുള്ള ആയുർവേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കർണാടകയിൽനിന്നുള്ള ഗോത്ര സാമൂഹിക പ്രവർത്തകൻ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് ആദ്യ പട്ടികയിൽ ഇടം നേടിയത്.
സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് പുറത്തുവിട്ടത്. മറ്റു വിവിധ മേഖലകളിൽനിന്ന് പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവരുടെ പട്ടികയും ഉടനെ പുറത്തുവിടും.












